Thursday, September 22, 2011

പനിക്കിടക്കയിലൊരാള്‍

പനി ചിലര്‍ക്ക്, ചില നേരങ്ങളില്‍ ഒരാശ്വാസമാണ്. നിര്‍ത്താത്ത ഓട്ടങ്ങള്‍ക്കിടെ കിട്ടുന്ന നിര്‍ബന്ധിത വിശ്രമാവസ്ഥ. അതിന്റെ സന്തോഷത്തെക്കുറിച്ച്. അന്നേരം കേട്ട പാട്ടുകളെ കുറിച്ച്. 
അരികില്‍വന്ന ഓര്‍മ്മകളെ കുറിച്ച്. 

  പനിയായിരുന്നു. ദിവസങ്ങള്‍ നീണ്ട  യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ തന്നെ പനി കൂടെ ഉണ്ടായിരുന്നു. യാത്രാക്ഷീണത്തില്‍ ഞാന്‍ ഉറങ്ങിപ്പോയപ്പോള്‍ അങ്ങേര് നിര്‍ത്താതെ പണിയെടുത്തു. രാവിലെ എഴുന്നേറ്റത് കടുപ്പമുള്ളൊരു ചുമയിലേക്കാണ്. പിന്നെ, തുമ്മല്‍. ജലദോഷത്തിന്റെ തലതെറിച്ച അസ്വസ്ഥതകള്‍ക്കൊടുവില്‍ അറിയിപ്പുണ്ടായി. പനി!
പിന്നൊരു പെയ്ത്തായിരുന്നു. പനിയോ പനി. പുറത്ത് നല്ല മഴ. ഇടക്കിടെ ഇടിയും മിന്നലും. പനിയുടെ മിന്നലില്‍ ഞാനെന്നെത്തന്നെ കണ്ടു കൊണ്ടിരുന്നു.  പല കാലങ്ങളിലെ പനിയോര്‍മ്മകള്‍. രാത്രിയില്‍ ചിലപ്പോഴൊക്കെ പനി കൂടി. അന്നേരമൊക്കെ വിചിത്രമായ സ്വപ്നങ്ങള്‍ കണ്ടു. പല നിറങ്ങള്‍. പല സ്വരങ്ങള്‍. ഓര്‍മ്മയില്‍നിന്ന് ആരൊക്കെയോ ഇറങ്ങി അടുത്തു വന്നിരുന്നു.
പിറ്റേന്ന്, ഡോക്ടര്‍ പേടി തീര്‍ത്തു തന്നു. വൈറല്‍ ഫീവര്‍ തന്നെ.
മരുന്നു ചെന്നപ്പോള്‍  ഇത്തിരി ആശ്വാസമായി. പിന്നെ അങ്ങിനെ കിടന്നു. എനിക്ക് ഈയിടെ പനി ഉണ്ടായിരുന്നു എന്ന് പറയുന്നിടം വരെ.
അന്നേരമാണ് ശരിക്കും ഓര്‍ത്തത്,അടുത്തൊന്നും ഇതു പോലെ വെറുതെ ഇരുന്നിട്ടില്ലല്ലോ. തിരക്കുകളുടെ തിക്കുമുട്ടലിനിടെ വിശ്രമിച്ചിട്ട് കാലമേറെയായി. ഒരു ജോലി തീരുമ്പോള്‍ അടുത്തത് വന്ന് മുന്നില്‍ നില്‍ക്കുന്നുണ്ടാവും. അസൈന്‍മെന്റുകളുടെ ക്യൂ കഴിഞ്ഞ് നടത്തേണ്ട യാത്രകളും വായിക്കേണ്ട പുസ്തകങ്ങളും കാണേണ്ട സിനിമകളും കേള്‍ക്കേണ്ട പാട്ടുകളും ഒരിക്കലും നടക്കാത്ത കാര്യങ്ങളായി ജീവിതമാകെ തിങ്ങിനിറഞ്ഞു കഴിഞ്ഞു.
എന്നാല്‍, ശരിക്കൊന്ന് വിശ്രമിക്കാമെന്നു തന്നെ വെച്ചു. പരമാവധി നേരങ്ങളില്‍ ഫോണ്‍ ഓഫ് ചെയ്തു. ഇന്റര്‍നെറ്റ് ഏതോ അന്യഗ്രഹ ജീവിയെ പോലെ മാറി നിന്നു. ചെയ്യേണ്ട ജോലികളുടെ ലിസ്റ്റും കാണേണ്ട ആളുകളുടെ പട്ടികയും മനസ്സില്‍ നിന്ന് കുറച്ചു ദിവസത്തേക്കെങ്കിലും ഇറക്കി വെച്ചു. വല്ലാത്തൊരു സമാധാനത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത് എന്നു മനസ്സിലായി.
വീട്ടുകാരോട് പഴയ പോലെ വര്‍ത്തമാനങ്ങള്‍ പറയാന്‍ നേരം കിട്ടി. കാണാന്‍ വരുന്ന അപൂര്‍വം ചങ്ങാതിമാരോട് പഴയതും പുതിയതും പറഞ്ഞ് ചുമ്മാ ഇരുന്നു. അങ്ങനെ ഒറ്റപ്പെട്ട ഒരു തുരുത്തിന്റെ ഉള്ളില്‍നിന്ന് ആളനക്കങ്ങളുടെ നേരങ്ങളിലേക്ക്.




പാട്ടുകള്‍ക്കൊപ്പമായിരുന്നു ആ ദിവസങ്ങള്‍. എത്രയോ നാളായി കേള്‍ക്കാത്ത പാട്ടുകള്‍ ഗുഹകളില്‍നിന്ന് വീണ്ടും ഇറങ്ങി വന്നു. മലയാളവും ഹിന്ദിയും തമിഴും ഇംഗ്ലീഷും മാറി മാറി മുറിയില്‍ തത്തിക്കളിച്ചു.
ഓര്‍മ്മകളുടെ വീട്ടില്‍ ഓരോ പാട്ടിനും ഓരോ ഇടമുണ്ട്. ഓരോ പാട്ടിനൊപ്പവും ഓര്‍മ്മകളിലൂടെ, ഭൂതകാലത്തിലൂടെ നടക്കാനുള്ള സാധ്യതകള്‍.  ഒരു പക്ഷേ, വെറുതെയിരിക്കുമ്പോള്‍ മാത്രം കിട്ടുന്ന സൌഭാഗ്യം. ഒപ്പം ജീവിച്ച പല മനുഷ്യരിലൂടെ, നടന്ന പല സ്ഥലങ്ങളിലൂടെ, കഴിഞ്ഞ പല കാലങ്ങളിലൂടെ പാട്ടിന്റെ കൈ പിടിച്ച് വീണ്ടുമൊരു നടത്തം.
അഭി എന്നൊരുചങ്ങാതിയുണ്ടായിരുന്നു. കിഷോര്‍ കുമാറിന്റെ പാട്ടുകളില്‍ തറഞ്ഞുപോയൊരു ജന്‍മം. ഒരു പാടു നാള്‍ക്കു ശേഷം അവനെ ഓര്‍മ്മ വന്നു, ഒരു പാട്ടിനൊപ്പം നടന്നപ്പോള്‍.
കോളജില്‍ പഠിക്കുമ്പോള്‍ നടത്തിയ ഒരു വിനോദ യാത്രയുടെ ഓര്‍മ്മ വന്നു, ഒരു പാട്ട് കേട്ടപ്പോള്‍. നീണ്ട യാത്രയിലെ ഏതോ രാത്രിയില്‍, ഉറക്കത്തില്‍ കണ്‍തുറന്നപ്പോള്‍ മുന്നില്‍ ഒരു കായല്‍! അതില്‍ വീണലിഞ്ഞു കിടക്കുന്നു, വൈദ്യുതി വിളക്കുകളുടെ ജലചലനങ്ങള്‍. മഞ്ഞയും നീലയും ചേര്‍ന്ന് വരച്ചൊരു എണ്ണച്ചായ ചിത്രം. കാഴ്ചക്ക് അകമ്പടിയായി ബസിലൊരു പാട്ടു മൂളുന്നുണ്ടായിരുന്നു. നീലക്കണ്ണാ എന്നുതുടങ്ങുന്നൊരു പഴയ ഗാനം. അതിനു ശേഷം അതു പലപ്പോഴും കേട്ടിട്ടുണ്ട്. പല തിരക്കുകള്‍ക്കുമിടയില്‍. എന്നാല്‍, ഇന്നത് കേള്‍ക്കുമ്പോള്‍ ഒറ്റയടിക്ക് മുറിയില്‍ ഇരച്ചെത്തി, രാവെളിച്ചങ്ങളുടെ കായല്‍ക്കരയില്‍ കണ്‍ മിഴിച്ചുനിന്ന ആ രാത്രി.
ചെറുപ്പത്തില്‍ പഴയ പാട്ടെന്നു കേട്ടാല്‍ കലിയായിരുന്നു. ഇഴഞ്ഞും ഞരങ്ങിയും വയസ്സന്‍ കാളവണ്ടി പോലെ കുടമണി കിലുക്കി വരുന്ന ഒന്നായാണ് അന്നതിനെ കണ്ടത്. ടേപ്പ് റെക്കോര്‍ഡറില്‍ സദാ പഴയ പാട്ടുകള്‍ കേട്ടു കൊണ്ടിരുന്ന അച്ഛനോട് അന്നെപ്പോഴോ തോന്നിയ ഇഷ്ടക്കേടുമുണ്ടായിരിക്കാം അതിനു പിന്നില്‍. അന്ന് ഹിറ്റായിരുന്ന ചില പുതിയ ഹിന്ദിപ്പാട്ടുകള്‍ ഒച്ചത്തില്‍ പ്ലേ ചെയ്യിച്ച് ഞാനതിന് പകരം വീട്ടാന്‍ പലപ്പോഴും ശ്രമിച്ചു. 'ഇതൊക്കെ പാട്ടാണോ, ചവറ്'^എന്ന് അച്ഛന്‍ പലപ്പോഴും രോഷത്തോടെ പ്രതികരിച്ചു.
എന്നാല്‍, കോളജിലെത്തിയതോടെ ഇഷ്ടങ്ങള്‍ തലകീഴ് മറിഞ്ഞു. പഴയ പാട്ടുകളിലേക്ക് മെല്ലെ മെല്ലെ ഇറങ്ങി ചെന്നു. കാമ്പസില്‍ നിന്നു കിട്ടിയ ചില ചങ്ങാതിമാരായിരുന്നു നിമിത്തം.
 ഹോസ്റ്റല്‍ മുറിയിലെ പഴയ പാട്ടുപെട്ടിയില്‍ നിന്ന് ബാബുരാജ് ഇറങ്ങിവന്നു. എസ്. ജാനകിയും കമുകറയും ബ്രഹ്മാനന്ദനും  പഴയകാല യേശുദാസും ഇഷ്ടക്കാരായി. മുഹമ്മദ് റഫിയിലൂടെ, മുകേഷിലൂടെ, കിഷോര്‍ കുമാറിലൂടെ പതുക്കെ തലത്ത് മഹമൂദിലേക്കും കുന്ദന്‍ലാല്‍ സൈഗാളിലേക്കും യാത്ര പോയി. ഭുപീന്ദറും ഗീതാദത്തും നൂര്‍ജഹാനും അരികിലെത്തി. മദന്‍മോഹന്‍ സംഗീതം നല്‍കി തലത്ത് പാടിയ ഫിര്‍വൊഹീ ശാം രാപ്പകല്‍ അലയടിച്ചു. എത്ര കേട്ടാലും മതിവരാതെ തലത്തു നിന്നുപാടി.
കാല്‍പ്പനിക വിഷാദങ്ങളുടെ നേരങ്ങള്‍ക്കിടയിലെപ്പോഴോ ഗസലുകള്‍ പെയ്തു തുടങ്ങി. ആദ്യം പങ്കജ് ഉദാസും ജഗ്ജിത് സിംഗുമായിരുന്നു. പിന്നെയത് മെഹ്ദി ഹസനിലേക്കും ഗുലാം അലിയിലേക്കും തിരിഞ്ഞു. മിര്‍സാ ഗാലിബിന്റെ കവിതകളിലെ അന്തം വിട്ട പ്രണയത്തിലും ആത്മീയതയിലും മനസ്സിന്റെ പെന്‍ഡുലം തറഞ്ഞുപോയി.
പി.ജി കാലത്ത് ബോണിഎമ്മും ബീറ്റില്‍സും ഈഗിള്‍സും വന്നു കൊത്തി. കെനി റോജെഴ്സും ജിം റീവ്സും മുതല്‍ കേട് കൊബൈനും (അതെങ്ങിനെ എഴുതുമാവോ മലയാളത്തില്‍) മഡോണയും ജാക്സനും ഉറ്റവരായി. ഈഗിള്‍സിന്റെ ഹോട്ടല്‍ കാലിഫോര്‍ണിയയയുടെ ഒരിക്കലും ചെക്ക് ഔട്ട് ചെയ്യാനാവാത്ത അകത്തളങ്ങളില്‍ ഭീതി കുടിച്ച് കാലങ്ങളോളമിരുന്നു. അന്നേരവും ആരോ വന്നു ചൊല്ലി.
Welcome to the hotel california
Such a lovely place
Such a lovely face...
പനിയെക്കുറിച്ച് പറഞ്ഞ് പാട്ടുകളിലെത്തി. ഇതു തന്നെയായിരുന്നു സത്യത്തില്‍ പനിക്കിടക്കയിലും സംഭവിച്ചത്. പനിക്കു ശേഷം കിട്ടിയ ചെറിയ ഇടവേള മുഴുവന്‍ പാട്ടുകളും ഓര്‍മ്മകളും കൊത്തിയെടുത്തു കൊണ്ടുപോയി. അതിന്റെ വല്ലാത്ത ശാന്തയും സമാധാനവും ഇപ്പോള്‍ മനസ്സിലുണ്ട്.



കുട്ടിക്കാലത്തു തുടങ്ങിയതാണ് പനിക്കിടക്കയോടുള്ള പ്രിയം.
എങ്ങും പോവണ്ട. രാപ്പകല്‍ മൂടിപ്പുതച്ച് കിടക്കാം.  അമ്മയുടെ സാമീപ്യം.നെറ്റിയിലും നെഞ്ചിലും പുരട്ടിത്തരുന്ന വിക്സ്. നിര്‍ബന്ധിച്ചുള്ള മരുന്നു കഴിപ്പിക്കല്‍. കഞ്ഞിയും പയറും. ഇതൊക്കെയായിരിക്കണം പനി എന്നു പറയുമ്പോള്‍ ഹാ, കൊള്ളാം എന്ന് ആലോചിക്കാവുന്ന അവസ്ഥയില്‍ എത്തിച്ചത്. തീരെ ആരോഗ്യം കുറഞ്ഞ കുട്ടിയായിരുന്നു ചെറുപ്പത്തില്‍. ഇടക്കൊക്കെ പനി വരും. ഇത്തിരി മുതിര്‍ന്നപ്പോഴാണ് അത് ഇല്ലാതായത്.
എന്നാല്‍, മുതിര്‍ന്നപ്പോഴും പനിക്കിടക്കയിലെ ദിവസങ്ങളോടുള്ള പ്രിയം കുറഞ്ഞില്ല. ഒഴിവു ദിവസം പോലും വീട്ടില്‍ ഇരിക്കാറില്ല. ഹോസ്റ്റലില്‍നിന്ന് വീട്ടിലെത്തിയാല്‍ പോവും വരെ തിരക്കാവും. പല നാടുകളിലെ ജോലി സ്ഥലങ്ങളില്‍നിന്ന് വരുമ്പോഴും വീട്ടില്‍ ഇരിക്കാന്‍ സമയം കിട്ടാറില്ല. പിന്നെ, ഒന്ന് വിശമ്രിക്കുന്നത്, സമാധാനമായി വെറുതെ ഇരിക്കുന്നത് പനിക്കുമ്പോഴാണ്. അതിനാല്‍, ചെറിയ പനി വരുമ്പോഴേ വീട്ടില്‍ ചെന്നടിയും. ചുരുങ്ങിയത് ഒരാഴ്ച എങ്കിലും വീട്ടില്‍നിന്നിറങ്ങില്ല. വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും ഇതാവര്‍ത്തിക്കാറുണ്ട്.
പനിച്ചൂടില്‍ മൂടിപ്പുതച്ച് കിടക്കാനാണ് എനിക്കിഷ്ടം. അമ്മയുടെ പരിഗണനയും സാമീപ്യവുമൊക്കെ നിര്‍ബന്ധം. വെറുതെ കിടന്ന് അങ്ങനെ ഉറങ്ങും. നല്ല പനിയെങ്കില്‍ വിചിത്ര  സ്വപ്നങ്ങള്‍ കൂട്ടുവരും.നിറപ്പകിട്ടുള്ള അപര ലോകങ്ങള്‍. വായിച്ചും കേട്ടുമറിഞ്ഞ പല രൂപങ്ങളും ജീവികളും ഇമേജുകളും കത്തിജ്വലിക്കുന്ന നിറങ്ങളോടെ സ്വപ്നത്തില്‍  നിറയും.  പിന്നെ, പാട്ട്. നിര്‍ത്താതെ പാടിക്കൊണ്ടേയിരിക്കും അരികെ ആരെങ്കിലും.
ഇപ്പോള്‍ അവസ്ഥകളൊക്കെ മാറി. അടുത്ത് അമ്മയില്ല. വീടില്ല. മറ്റൊരിടത്ത്, മറ്റൊരു സാഹചര്യത്തില്‍. തിരക്കുകള്‍ മാത്രമേ മാറാതെ ബാക്കിയുള്ളൂ. പനിക്കിടക്കയിലെ ദിവസങ്ങളും.



എന്നാല്‍, എന്നും നിലനില്‍ക്കില്ല. പനിയോടുള്ള പ്രേമം. രണ്ട് വര്‍ഷം മുമ്പൊരു പെരുമഴക്കാലത്ത് അത് തട്ടിത്തൂവിപ്പോയി. അതു കൂടെ പറയാതെ ഇത് പൂര്‍ണമാവില്ല.
ചികുന്‍ ഗുനിയയായിരുന്നു വില്ലന്‍. കൊടുങ്കാറ്റടിക്കുന്നതു പോലെയായിരുന്നു അത്. ജോലി ചെയ്തു കൊണ്ടിരിക്കെ വെട്ടിയിട്ടതു പോലെ ഒറ്റ വീഴ്ച. പിന്നെ പനിയായിരുന്നു. ഒരാഴ്ച. ശരീരമാസകലം വേദന. ഭ്രാന്തമായ സ്വപ്നങ്ങള്‍ ഇടതടവില്ലാതെ പെയ്ത നിദ്രകള്‍. എഴുന്നേറ്റിരിക്കാന്‍ പോലും വയ്യാത്തത്ര അവശത. ആഴ്ചകള്‍ക്കുശേഷം എങ്ങിനെയോ കരകയറിയിട്ടും ശരീരവേദനകള്‍ നിലനിന്നു. ഒരു പാടു കാലം കഴിഞ്ഞു, ആ വേദന പോവാന്‍. ഇപ്പോഴും വരാറുണ്ട് ആ വേദനയുടെ നിഴലുകള്‍.
സത്യത്തില്‍ പനിയല്ല. ആ പേരു പറഞ്ഞ്, വെറുതെയിരിക്കാനാവുന്ന ആ അവസ്ഥ തന്നെയാണ് എനിക്ക് പ്രിയങ്കരം. അത്തരത്തില്‍ ഒരു തിരുത്തു നല്‍കാതെ ഈ കുറിപ്പ് അവസാനിപ്പിക്കരുതെന്ന് വിളിച്ചു പറയുന്നു, ഉള്ളിലെ പഴയ ചികുന്‍ ഗുനിയാ ഓര്‍മ്മ :-)


Saturday, September 3, 2011

മരിച്ചവരുടെ വീട്ടില്‍ ഒരോണപ്പൊട്ടന്‍

   പൈഡ്പൈപ്പറിനെ പോലെ കുട്ടികളെ പിറകില്‍ അണിനിരത്തി ഓണവെയിലിലൂടെ പാഞ്ഞു നടന്ന ഓണപ്പൊട്ടന്റെ ബാല്യ സ്മൃതികള്‍. അതിലേക്ക് മരണവുമായി പാഞ്ഞു വന്ന യാഥാര്‍ഥ്യം. 
എല്ലാവരും മരിച്ചൊഴിഞ്ഞ ഒരു വീടിന്റെ തണുത്ത നിശãബ്ദത ഓര്‍മ്മ കൊണ്ട് പൂരിപ്പിക്കുന്ന വിധം.

ഫോട്ടോ: ഡോ. കെ സജി
 തലങ്ങും വിലങ്ങും പടര്‍ന്ന അനേകം കാട്ടു ചെടികളുടെ കൂടാരമായിരുന്നു ആ തൊടി. ഒത്ത നടുക്ക് നിലം തൊടാന്‍ ഓങ്ങി നില്‍ക്കുന്ന, ഓടു പാതിയും വീണുപോയൊരു വീട്.  തൊട്ടപ്പുറത്ത് നിലം പൊത്തിയ തൊഴുത്ത്. അരികെ, പ്രതിമപോലെ ബാക്കിയായ ഇടിവെട്ടേറ്റ തെങ്ങില്‍നിന്ന് ഒരു പറ്റം പക്ഷികള്‍ ഒന്നിച്ചിളകി. ഒരിക്കല്‍ മുറ്റമായിരുന്ന ഇടത്തിപ്പോള്‍ ആരൊക്കെയോ കൊണ്ടിട്ട  വീട്ടു മാലിന്യങ്ങളാണ്. തൊടിയിലേക്കു കയറാന്‍ ചെത്തു കല്ല് നിരത്തി വെച്ച് മണ്ണിട്ടുണ്ടാക്കിയ പടവുകള്‍ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്നു.
നിശãബ്ദതയെന്നു വിളിക്കാനാവില്ല ആ തൊടിയുടെ അവസ്ഥയെ. പല തരം അനക്കങ്ങള്‍ അവിടവിടെ. ഏതൊക്കെയോ പക്ഷികള്‍. അണ്ണാറക്കണ്ണന്‍മാര്‍.  മെലിഞ്ഞെല്ലു കൂടായൊരു പട്ടി ഇടക്കിടെ മോങ്ങിക്കൊണ്ടിരുന്നു. എന്നാല്‍, എല്ലാ അനക്കങ്ങള്‍ക്കുമപ്പുറം അവിടെയാകെ മരണത്തിന്റെ നിശãബ്ദത തന്നെയാണെന്ന് രണ്ടമതാലോചിച്ചപ്പോള്‍ തോന്നി. എല്ലാവരും മരിച്ചൊഴിഞ്ഞ ഒരു വീടിന്റെ വിറങ്ങലിച്ച നിശãബ്ദത. വൃത്തിയില്ലാതെ പടര്‍ന്ന മരങ്ങള്‍ക്കിടയില്‍ അനക്കമറ്റൊരു വെയില്‍ വീണുകിടക്കുന്നു.
അത് ചന്തുവേട്ടന്റെ വീടാണ്. ഒരു കുടുംബം ഒന്നിച്ച് ആത്മഹത്യ ചെയ്ത ഇടം. മരണാസന്നയായി കിടക്കുന്ന അടുത്ത ബന്ധുവിനെ കാണാനുള്ള ഇത്തിരി നീണ്ട നടത്തത്തിനിടെയാണ് അസാധാരണ നിശãബ്ദതയാല്‍ ഭയപ്പെടുത്തുന്ന ആ വീടിനു മുന്നില്‍ ചെന്നു പെട്ടത്. പാടവരമ്പത്തുനിന്നു കയറി പാതി പറമ്പാക്കി മാറ്റിയ വയലിന്റെ ഉണങ്ങി വിണ്ട നിലത്തിലൂടെ നടക്കുകയായിരുന്നു. പൊടുന്നനെ ആ വീട് അതിന്റെ നിശãബ്ദതയാല്‍ എന്നെ കൈ പിടിച്ചു വലിച്ചു. ഏറെ നാള്‍ക്കു ശേഷം നാട്ടിലെത്തിയവന്റെ അമ്പരപ്പിനപ്പുറം മറ്റെന്തൊക്കെയോ പറഞ്ഞു.
നാലഞ്ചു കൊല്ലം മുമ്പാണ് കൂട്ട ആത്മഹത്യയുടെ വിവരം ഫോണിലൂടെ തേടിയെത്തിയത്. ചന്തുവേട്ടനും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തു. വിശേഷങ്ങളറിയാന്‍ വിളിച്ച ഉറ്റ ബന്ധു മറ്റെന്തോ പറയുന്ന നേരത്ത് അവിചാരിതമായി അതിലേക്ക് ചെന്നു ചാടുകയായിരുന്നു. അതിനും മാസങ്ങള്‍ക്ക് മുമ്പാണ് ആത്മഹത്യ നടന്നത്. വലിയ സംഭവങ്ങളൊന്നും പതിവില്ലാത്ത നാട്ടിന്‍പുറത്ത് അതൊരു വലിയ വാര്‍ത്തയായിരുന്നു. നാടു വിട്ടു പോയൊരാള്‍ക്കു മാത്രം സാധ്യമാവുന്ന ഒളിച്ചു കഴിയലിന്റെ സൌകര്യമാണ് ആ വാര്‍ത്തയില്‍നിന്ന് എന്നെ രക്ഷിച്ചത്.
എന്തിനാണ് ചന്തു വേട്ടന്‍ അങ്ങനെയൊരു കടുംകെ ചെയ്തതെന്ന ചോദ്യം സ്വാഭാവികമായിരുന്നു. അത്ര സ്വാഭാവികമായി ജീവിക്കുന്നൊരാളായിരുന്നു അയാള്‍. പച്ച മനുഷ്യന്‍. കഠിനമായി അധ്വാനിക്കുന്ന, സന്തോഷത്തോടെ കഴിയുന്ന ഒരാള്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നൊരാള്‍.
എന്റെ സംശയത്തിന് ഫോണില്‍ വ്യക്തമായ ഉത്തരമൊന്നും ലഭിച്ചില്ല. അതാര്‍ക്കും ഇനിയുമറിയില്ലെന്നു തന്നെ തോന്നുന്നു.
അത് കഴിഞ്ഞിട്ടിപ്പോള്‍ വര്‍ഷങ്ങള്‍. ഇതിനിടെ, ചിലപ്പോഴൊക്കെ നാട്ടില്‍ ചെന്നിരുന്നെങ്കിലും വീട്ടില്‍നിന്ന് ഇത്തിരി അകലത്തായിരുന്ന ചന്തുവേട്ടന്റെ വീടോ ആ മനുഷ്യനും കുടുംബത്തിനും വന്നു പെട്ട ദുരന്തമോ വിഷയമായി കടന്നു വന്നില്ല. ഇപ്പോഴാദ്യമായി ഇതാ ആ വാര്‍ത്തക്കും ദുരന്തത്തിനും മധ്യേ ഒറ്റക്ക് പെട്ടുപോയിരിക്കുന്നു.

ഫോട്ടോ: ഡോ. കെ സജി
ഞങ്ങളുടെ നാടിന്റെ മിത്തുകളിലെ പ്രധാന കഥാപാത്രമായിരുന്നു ചന്തുവേട്ടന്‍. ഓണം എന്ന ഓര്‍മ്മയോട് ചേര്‍ത്തു വെക്കാന്‍ ഞങ്ങള്‍ക്ക് ആകെയുള്ള പോംവഴി. ഞങ്ങളുടെ ഓണപ്പൊട്ടന്‍.  മുഖത്തെഴുതി, ഓടപ്പുല്ലില്‍ ചായമടിച്ച താടി നീട്ടി, കുരുത്തോല താഴ്ത്തിയിട്ട ഓലക്കുട ചൂടി, കിരീടം ചൂടി,  കൈ മണി കിലുക്കി ഓണനാള്‍ അയാള്‍ ഓരോ വീട്ടിലും കയറിയിറങ്ങും. കിലുങ്ങുന്ന മണിക്കൊപ്പം കുട്ടികളുടെ അകമ്പടിയോടെ ദേശമാകെ ചുറ്റി നടക്കും. പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ ചിങ്ങ വെയിലിന്റെ മധ്യത്തിലൂടെ മണി കിലുങ്ങി നടന്നു വരുന്ന അയാളുടെ രൂപം ബാല്യത്തിന്റെ ഏറ്റവും തേജോമയമായ ഓര്‍മ്മയാണ്.
ഓണപ്പൊട്ടനെ കണ്ടുതുടങ്ങിയ കാലം ഇപ്പോഴും മനസ്സിലുണ്ട്. തീരെ ചെറുപ്പത്തിലാണ്. ഓണമാണ്. അതിരാവിലെ എത്തുന്ന ഓണപ്പൊട്ടനെ കാണാന്‍ കണ്ണു തിരുമ്മി കാത്തിരിപ്പായിരുന്നു. കാത്തിരിപ്പിനിടയിലേക്ക് പൊടുന്നനെ തുടര്‍ച്ചയായി മണി കിലുങ്ങി. മുറ്റത്തേക്ക് ഓലക്കുട ചൂടി അയാള്‍ അതിവേഗം നടന്നു വന്നു. തെയ്യത്തിന്റേതു പോലെ മുഖത്തെഴുതിയതിനാല്‍ എനിക്ക് ആളെ മനസ്സിലായില്ല. കറുത്തുരുണ്ട കൈകളും മുഖത്തെ ചിരിയും കണ്ടപ്പോള്‍ എന്തോ പരിചയം തോന്നി. എന്നാല്‍, ഒരു പിടിയും കിട്ടിയില്ല.
അയാള്‍ പടിയിറങ്ങി പോയ നേരത്താണ് എന്റെ സംശയം പൊടിപടലം പറത്തിയത്.
'ആരാണമ്മേ ഈ ഓണപ്പൊട്ടന്‍?'
'അതു ചന്തുവേട്ടനല്ലേടാ. പണിക്കൊക്കെ വരുന്ന ചന്തുവേട്ടന്‍'
'ഹെന്റമ്മേ, എന്തൊരു മാറ്റം. കണ്ടാല്‍ തോന്നില്ല'
ഒറ്റനോട്ടത്തില്‍ ഒരാകര്‍ഷണവും തോന്നാത്ത ഒരാളാണ് ചന്തുവേട്ടന്‍. കറുത്തു തടിച്ച്, എപ്പോഴും തല ഉയര്‍ത്തി നടന്നു പോവുന്നൊരാള്‍. കര്‍ക്കടകം പിറക്കുന്ന നാളില്‍ കൊട്ടിപ്പാടാന്‍ വരുമ്പോള്‍ ഞാനാണ് അയാള്‍ക്ക് അരി കൊടുക്കാറ്. പറമ്പിലെ പണിക്കു വരുമ്പോള്‍,  കൂടെ നടന്ന് സംശയങ്ങളാല്‍ പൊതിയുന്ന എന്നെ സമാധാനിപ്പിക്കാന്‍ ഏറെ പാടു പെടാറുണ്ടായിരിക്കും അയാള്‍.
പക്ഷേ, ഓണപ്പൊട്ടനായി വരുമ്പോള്‍ അയാള്‍ ആളാകെ മാറും. അലങ്കാരങ്ങളില്‍ പൊതിഞ്ഞ്, കുടയും മണി കിലുക്കവും കിരീടവുമൊക്കെയായി  അതിസുന്ദര രൂപം. കൂടെ നടക്കുന്ന കുട്ടികളുടെ മുന്നില്‍ കുലുങ്ങിച്ചാടി നടക്കുമ്പോള്‍ എന്തു രസമാണ്. വലിയ കുടവയര്‍ മറച്ചു തുളുമ്പുന്ന അലങ്കാരങ്ങള്‍ വകവെക്കാതെ കുട്ടികളോട് ചിരിച്ചു മറിയുന്ന ആ മനുഷ്യന്‍ വസന്തത്തിന്റെ ദേവനെപ്പോലെ തോന്നിപ്പിക്കും.

ഇത്തിരി മുതിര്‍ന്നപ്പോഴും ഞാനയാളുടെ ആരാധകനായിരുന്നു. വല്ലാത്ത കരിസ്മയുണ്ടായിരുന്നു ഓണപ്പൊട്ടനാവുമ്പോള്‍ ആ മനുഷ്യന്. കറുപ്പിലും ചുവപ്പിലും വെളുപ്പിലും വരഞ്ഞ ഒരു നാടോടി ചിത്രം പോലെ പച്ച മെഴുകിയ നാട്ടുവഴികളിലൂടെ അയാള്‍ പാഞ്ഞു നടക്കുന്നത് അത്രക്കാഴത്തില്‍ പതിഞ്ഞിട്ടുണ്ട്, ഉള്ളില്‍.
ഓണത്തിനു മാത്രമായിരുന്നു അയാള്‍ ദേശത്തെ തന്റെ പിന്നാലെ നടത്തിച്ചത്. അന്ന് കുട്ടികള്‍ അയാളുടെ പിറകില്‍നിന്ന് മാറാതെ നില്‍ക്കും. പിറ്റേന്ന് പണി സാധനങ്ങളുമായി പാടത്തേക്കു പോവുമ്പോള്‍ അയാള്‍ക്കു പിന്നാലെ ആരുമുണ്ടാവില്ല. അടുത്ത ഓണത്തിന് പ്രതാപവാനായ ഓണപ്പൊട്ടനായി മാറാനാവുമെന്ന വിചാരമാവാം ഒരു പക്ഷേ, ഒരു വര്‍ഷത്തെ മുഴുവന്‍ ദുരിതങ്ങളും മറികടക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നിപ്പോള്‍ തോന്നുന്നു. എല്ലാവര്‍ക്കുമുണ്ടാവില്ലേ അത്തരം ഓരോ നാളുകള്‍.
വീടു വിറ്റ് മറു നാട്ടിലേക്ക് ചേക്കേറുമ്പോള്‍ കുറച്ചേറെ മുതിര്‍ന്നിരുന്നു. കോളജില്‍ ചേര്‍ന്ന കാലം. അപ്പോഴേക്കും ചന്തുവേട്ടനുമായി നല്ല ചങ്ങാത്തത്തിലായിരുന്നു. കാണുമ്പോഴോക്കെ തമാശ പറഞ്ഞും ചിരിച്ചും അയാള്‍ ആ അടുപ്പം പ്രകടിപ്പിച്ചു. പ്രായമായിട്ടും കല്യാണം നടക്കാതെ പോവുന്ന പെണ്‍മക്കളുടെ ദുരിതം എപ്പോഴൊക്കെയോ പറഞ്ഞു. സ്വസമുദായത്തില്‍നിന്ന് ആലോചന വരാനുള്ള അയാളുടെ കാത്തിരിപ്പ് അന്നെന്നെ അമ്പരപ്പിച്ചു. അത് സ്വാഭാവികമാണെന്ന് ഇപ്പോഴെനിക്കറിയാം. ജാതിയില്‍ താഴ്ന്നതായതിനാല്‍ അവര്‍ക്ക് മറ്റു സമുദായങ്ങളില്‍നിന്ന് വിവാഹ ആലോചനകള്‍ സ്വാഭാവികമായിരുന്നില്ല. സമ്പത്തും സൌന്ദര്യവും കുറയുമ്പോഴുണ്ടാവുന്ന പതിവു തലവിധി വേറെയും.
നാടു വിട്ട ശേഷം ഇടക്കൊക്കെ തറവാട്ടില്‍ വരുമ്പോള്‍ ചിലപ്പോഴൊക്കെ അയാളെ കാണാറുണ്ടായിരുന്നു. പഠനത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ചന്തുവേട്ടനോട് വിശദീകരിച്ച് കുഴങ്ങും.  എല്ലാമറിയുന്ന മട്ടില്‍ തലയാട്ടിയ ശേഷം വീണ്ടും ചോദിക്കും, അല്ലാ അപ്പോ എന്തായിരുന്നു പണി?


ഇതിപ്പോള്‍ ഓണക്കാലമാണ്.  പൂക്കളും പൂമ്പാറ്റകളുമൊക്കെ ബാക്കിയുണ്ടെങ്കിലും കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ വരച്ചിട്ട കാന്‍വാസില്‍നിന്ന് ഓണത്തിന്റ കടും നിറം മാഞ്ഞു പോയിരിക്കുന്നു. പകരമിപ്പോള്‍ പുതിയ കാലത്തിന്റെ പൂവിളികള്‍, തിരക്കു കൊണ്ടും പിറ്റേ ദിവസത്തെക്കുറിച്ച ആശങ്ക കൊണ്ടും,   ഓണത്തെ ഒരനുഷ്ഠാനം പോലെ വരഞ്ഞിട്ടു രസിക്കുന്നു. എങ്കിലും ഓര്‍മ്മയില്‍ ഇപ്പോഴുമുണ്ട് ആ കൈ മണി കിലുക്കം.
സ്വന്തം നാട് എന്നത് ഓര്‍മ്മ കൊണ്ടു മാത്രം പൂരിപ്പിക്കാനാവുന്ന ഒന്നായതിനാല്‍ പതിവിലുമേറെ ഉച്ചത്തില്‍ മണി കിലുക്കി ചന്തുവേട്ടന്‍ ഇപ്പോഴും നടന്നു വരാറുണ്ട്, പലപ്പോഴും സ്വപ്നത്തില്‍. അതേ ഉറക്കം തന്ന അത്തരം ഓര്‍മ്മകളെ മുക്കി കൊല്ലാറുമുണ്ട്.
എന്നാല്‍, എത്ര ആലോചിച്ചിട്ടും ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ കൊണ്ടാണ് ഇത്തവണ ഓണത്തിന്റെ ഓര്‍മ്മയിലേക്ക് ചന്തുവേട്ടന്‍ നടന്നെത്തുന്നത്.  സത്യത്തില്‍ എന്താണ് ആ മനുഷ്യന് സംഭവിച്ചത്. എല്ലാ കിളിപ്പേച്ചുകളും അമര്‍ത്തിപ്പിടിച്ച് മരണം നിശãബ്ദത കൊണ്ട്  വരിഞ്ഞു കെട്ടിയിരിക്കുന്ന ആ വീടും പറമ്പും ഉച്ചത്തില്‍ വിളിച്ചു പറയുന്നത് എന്താണ്. കൊല്ലത്തിലൊരിക്കല്‍ മാത്രം വസന്തത്തിന്റെ തമ്പുരാനാവുന്ന ഒരു മനുഷ്യന്‍ പിറകുവശത്തെ കാടു മൂടിയ മണ്‍കൂനക്കകത്ത് എങ്ങനെയാവും ഒരോണക്കാലത്ത് അനങ്ങാതെ കിടക്കുന്നുണ്ടാവുക.
അയാള്‍ക്ക് കാണാനായിരിക്കണം ആ പറമ്പിനു ചുറ്റും ഇത്രയേറെ ചുവന്ന ചെക്കിപ്പൂക്കള്‍ വീണുകിടക്കുന്നത്.



LinkWithin

Related Posts Plugin for WordPress, Blogger...