Wednesday, December 25, 2013

അക്വേറിയം മീനുകളോട്മ്യൂസിയം മീനുകള്‍ പറയുന്നത്

പുതിയ തലമുറയിലെ ഒരു സംഘം ചെറുപ്പക്കാരും ചെറുപ്പക്കാരികളും നിര്‍മിച്ച 'അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്' എന്ന ചെറുസിനിമ കണ്ടപ്പോള്‍ ( http://youtu.be/yRU_eJmsRHI) നിര്‍ബന്ധമായും പറയണമെന്ന് തോന്നിയ ചില കാര്യങ്ങള്‍. 

ഒരു പുഴയില്‍ ഒന്നിലേറെ തവണ കുളിക്കാനാവില്ല എന്നാണ്. ഒഴുകിപ്പോയ വെള്ളം പിന്നെയൊരു കുളിക്കുള്ള കോപ്പ് തരില്ല എന്നതാണ് അതിന്റെ ലളിതസാരം.

'അമ്മേ ഞാന്‍ പോവുന്നു' എന്ന് പരുക്കനൊച്ചയില്‍ മുരണ്ട്, ചിരിക്കാതെ, റോഡരികിലെ ഒരു കാട്ടുചെടിയെയോ ഒരിലയനക്കത്തെയോ പോലും ഗൌനിക്കാതെ തുണിക്കെട്ടും താടിയുമായി ഇറങ്ങിപ്പോയ തലമുറയുണ്ടായിരുന്നു. അതൊരു തെറ്റൊന്നുമായിരുന്നില്ല. ആ കാലം ആവശ്യപ്പെട്ട, അതിന്റെ മൂശയില്‍ ഉരുവം കൊണ്ട അതിന്റെ സ്വാഭാവികത ആഗിരണം ചെയ്ത ഒന്ന്. ആ കാലം കഴിഞ്ഞ് രണ്ടു മൂന്ന് പതിറ്റാണ്ടുകള്‍ കഴിഞ്ഞു. അതിനിടയില്‍ ആഗോളവല്‍കരണവും ഉദാരവല്‍കരണവും നവസാങ്കേതിക വിപ്ലവം ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്ക് കാലവും സംഭവിക്കപ്പെട്ടു. പുറപ്പെട്ടുപോയവരില്‍ പലരും ദുരന്തപര്യവസായികളായ അവസാനങ്ങളിലോ വ്യവസ്ഥയുടെ അതേ തൊഴുത്തിലോ സന്ദേഹത്തിന്റെ അഗ്നിയിലോ സ്വപ്നജീവിതത്തിന്റെ പ്രായോഗിക ഭാഷ്യങ്ങളിലോ മാര്‍ക്കറ്റ് ഇക്കണോമിയുടെ വെപ്പുപുരകളിലോ ചെന്നുപെടുകയായിരുന്നു. അന്നത്തെക്കാള്‍ രൂക്ഷമാം വിധം അതേ പ്രശ്നങ്ങള്‍ അപമാനവീകരിക്കുന്ന ഈ കാലത്ത് പോലും, പറയാനൊരു വാക്കുപോലും കൈയിലില്ലാതെ അന്തം വിട്ടു നില്‍ക്കുകയോ ഒഴുക്കിനൊത്ത് നീങ്ങുകയോ അങ്ങനെയല്ല എന്ന പ്രതീതി ജനിപ്പിച്ച് നിസ്സഹായരായ കാഴ്ചക്കാരാവുകയോ വിധിവൈപരീത്യങ്ങളുടെ ദാര്‍ശനിക പാഠങ്ങള്‍ ആവര്‍ത്തിച്ച് ഉരുവിടുകയോ ചെയ്യുകയായിരുന്നു ആ തലമുറയും അതിനു പിന്നാലെ വന്ന അനുകര്‍ത്താക്കളുമെന്നത് കണ്ണുതുറന്നാലറിയാം.

അമ്മയും ഒരു മനുഷ്യനാണെന്നും തെരുവിലേക്കുള്ള ആ ഇറക്കത്തിന് അമ്മയ്ക്കും വീട്ടിരുട്ടില്‍ അടഞ്ഞുകഴിയുന്ന പെങ്ങള്‍ക്കും അവകാശമുണ്ട് എന്നൊന്നും ആലോചിക്കാനാവാത്തത്ര ഇടുങ്ങിയ, പുരുഷ കേന്ദ്രിതമായ, മധ്യവര്‍ഗ ബോധത്തിലധിഷ്ഠിതമായ, വിപ്ലവ കാല്‍പ്പനികതയുടെ ഒരു പുറപ്പെട്ടുപോക്കായിരുന്നു അതെന്ന് പില്‍ക്കാലം നിരീക്ഷിച്ചിട്ടുണ്ട്. അന്നത്തെ പുറപ്പെട്ടു പോക്കിന്റെ ആശാന്‍മാര്‍ തന്നെ പില്‍ക്കാലം അതിനെ പോസ്റ്റുമോര്‍ട്ടം ചെയ്യുകയും എന്തുകൊണ്ടായിരുന്നു അതൊരു 'തപാല്‍വഴി വിപ്ലവപഠനമായി' തീര്‍ന്നതെന്നും ഉറക്കെ ആലോചിച്ചതിന്റെ ആഴത്തിലുള്ള സംവാദ പാഠങ്ങളും നമുക്ക് മുന്നിലുണ്ട്. അന്ന് പോയവരെ ആഘോഷിച്ച് മ്യൂസിയത്തില്‍ വെക്കാന്‍ പറ്റാവുന്ന വിധത്തിലുള്ള പീസുകളാക്കി കണ്ണാടിക്കൂട്ടുകളില്‍ പ്രതിഷ്ഠിച്ചത് അവര്‍ എന്തിനെയാണോ നിഷേധിച്ചത് അതേ വ്യവസ്ഥിതിയുടെ തുരുമ്പു തൂണായ മാധ്യമങ്ങളുടെ ഫീച്ചറെഴുത്ത്, ബൈറ്റെടുപ്പ് വ്യവസായങ്ങളായിരുന്നു എന്ന ബോധ്യവും ഇന്ന് നമുക്കൊപ്പമുണ്ട്.

സ്വയം വിമര്‍ശനങ്ങളുടെയും ആത്മനിന്ദയുടെയും ജീവിതപാഠങ്ങളാണ് മിച്ചം വന്നതെങ്കിലും എങ്ങനെ തങ്ങള്‍ ഇങ്ങനെയായി എന്ന ആഴത്തിലുള്ള തിരിഞ്ഞുനോട്ടമോ അതിനുള്ള ശ്രമങ്ങളോ അവര്‍ക്കൊപ്പം സദാ ഉണ്ടായിരുന്നു എന്നത് തന്നെയാണ് ആ മനുഷ്യരെ മറ്റെല്ലാത്തില്‍നിന്നും വ്യത്യസ്തമാക്കുന്നത്. എന്നാല്‍, അത്തരമൊരു തിരിഞ്ഞു നോട്ടമോ മാറി നിന്ന് നോക്കാനുള്ള സാധ്യതകളോ ഉണ്ടായിട്ടും പുതു തലമുറ അത് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നതുപോലും ചെയ്യുന്നില്ല എന്നതിന്റെ സാക്ഷ്യപത്രമായാണ് ഞാനേറെ പ്രതീക്ഷിക്കുന്ന ഒരു തലമുറയില്‍നിന്നു വന്ന 'അക്വേറിയം മീനുകള്‍ക്ക് പറയാനുള്ളത്' എന്ന കുഞ്ഞുചിത്രം അനുഭവപ്പെട്ടത്. മാധ്യമങ്ങള്‍ നിര്‍മിച്ച എഴുപതുകളുടെ കാല്‍പനിക പാഠങ്ങളില്‍ അഭിരമിക്കുകയും കണിശമായ നോട്ടം ആവശ്യപ്പെടുമ്പോഴും അത് ചെയ്യാതെ കേവലം ആരാധനയുടെ പുറമ്പോക്കുകളില്‍ അഭിരമിക്കുകയും ചെയ്യുന്നതില്‍നിന്ന് ഈ സിനിമ പോലും മാറി നില്‍ക്കുന്നില്ല എന്നത് ഖേദകരമാണ്.

സിനിമാ നിര്‍മാണം വളരെ എളുപ്പമുള്ളതാവുകയും വിപണ്യാധിഷ്ഠിത സിനിമയും അല്ലാത്ത സിനിമയും തമ്മിലുള്ള ദൂരം കുറഞ്ഞുകുറഞ്ഞ് അതുതാനല്ലയോ ഇതെന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരുകാലമാണിത്. നമുക്കു ചുറ്റും മുളച്ചുപൊങ്ങുന്ന കുഞ്ഞു സിനിമാ ചെടികള്‍ അതിന്റെ ബാക്കിപത്രവുമാണ്. ബദല്‍ സിനിമാ ശ്രമങ്ങള്‍ എന്നൊക്കെ പറയുന്നവര്‍ പോലും ഒരു പരസ്യചിത്രത്തിന്റെയോ കച്ചവട സിനിമയുടെയോ കെട്ടും മട്ടുമാണ് സിനിമയുടെ ചട്ടക്കൂടെന്ന് ധരിച്ചുവശാവുന്ന കാലം. ഈ സമയത്താണ് സമൂഹത്തെക്കുറിച്ചും സഹജീവികളെക്കുറിച്ചും ആഴത്തിലുള്ള ഉല്‍ക്കണ്ഠകളും ആശങ്കകളും പങ്കുവെക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ മുന്‍കൈയില്‍ ഈ സിനിമ ഇറങ്ങുന്നത്. ഈ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയവും എഴുപതുകളില്‍നിന്ന് 2020കളിലേക്കുള്ള ദൂരം അടയാളപ്പെടുത്തുന്ന സംവാദ സാധ്യതയും ആ പ്രതീക്ഷ വളര്‍ത്തി.

എന്നാല്‍, മുന്നേ പോയവരുടെ വീഴ്ചകളെ അവലോകനം ചെയ്യുന്നതിന് പകരം മാധ്യമനിര്‍മിതികളായ അല്‍പ്പകാല്‍പ്പനികതയില്‍ അഭിരമിക്കയാണ് ഇത്തരമൊരു ശ്രമം പോലും എന്നത് നിരാശാജനകമാണ്. അക്വേറിയം മീനുകളില്‍നിന്ന് കുതറിമാറുന്നത് മ്യൂസിയം പീസുകളോടും അവര്‍ കാലാകാലങ്ങളില്‍ പ്രസരിപ്പിക്കുന്ന നിസ്സംഗതയുടെയും നിരുത്തരവാദിത്തത്തിന്റെയും കാല്‍പ്പനികതയോടും ഭ്രമിച്ചിരിക്കാനാണെങ്കില്‍ പിന്നെന്ത് കുതറിമാറല്‍? ഒരു കാലം തിരസ്കരിച്ച അതേ ജാര്‍ഗണുകളും അതേ വാചകങ്ങള്‍ പോലും ഞെട്ടിക്കുന്ന ആരാധനയോടെ എഴുന്നള്ളിച്ച്, നാലു പതിറ്റാണ്ടുമുമ്പത്തെ മാനസികാവസ്ഥ അതേ പടി ആഗിരണം ചെയ്യാനുള്ള ശ്രമം പഴയ ഉണ്ണിയുടെ വെറും പുറപ്പെട്ടുപോക്കായി മാത്രം മാറുന്നത് എന്തൊരു അശ്ളീലമാണ്! ലാപ്ടോപ്പും ബൈക്കിന്റെ ചാവിയും ജീന്‍സും ടീ ഷര്‍ട്ടും മാത്രമാണോ ഇരു കാലങ്ങള്‍ക്കുമിടയിലെ അകലം? ( വെറും കച്ചവടമായും രോഷങ്ങളുടെ ഷോക്ക് അബ്സോര്‍ബര്‍ ആയും സമയാസമയം വേഷം മാറുന്ന മാധ്യമവ്യവസ്ഥയെ വിമര്‍ശിക്കുമ്പോഴും സിനിമയുടെ അവസാന ഘട്ടത്തില്‍ മാധ്യമസ്ഥാപനങ്ങള്‍ക്കല്ലാം അകമഴിഞ്ഞ് നന്ദിരേഖപ്പെടുത്തുന്ന കലാപരിപാടിയൊക്കെ ഒരു ബദല്‍ സിനിമാ ശ്രമത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്തത തന്നെയാണെന്ന് അംഗീകരിക്കുന്നു :)) പരസ്പര വിരുദ്ധവും പലപ്പോഴും പിടികിട്ടുക പോലും ചെയ്യാത്ത പുതിയ കാലത്തിന്റെ സമസ്യകളെ നിര്‍ധാരണം ചെയ്യുന്നതിനു പകരം എളുപ്പവഴിയില്‍ ക്രിയ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് പുതിയ കാലത്തിനു മാത്രം നല്‍കാന്‍ കഴിയുന്ന ഊര്‍ജമാണ്.

ഇവിടെ പങ്കുവെയ്ക്കുന്നത്, ഇത്രയും ഊര്‍ജവാഹിയായ ഒരു തലമുറയില്‍നിന്ന് ഇത്തരമൊരു സൃഷ്ടി എങ്ങനെ ഉണ്ടാവുന്നു എന്ന സന്ദേഹമാണ്. സാധ്യതകളുടെ മഹാവൃക്ഷങ്ങളില്‍നിന്നും അക്വേറിയം മീനുകളായും നല്ല കുട്ടികളായും ഭൂതകാലക്കുളിരിന്റെ ചുമ്മാ കാല്‍പ്പനികതകളിലേക്ക് വഴുതി വീഴുന്നതിന്റെ സങ്കടമാണ് ഈ സിനിമ ശേഷിപ്പിക്കുന്നത്. ആരാധനയ്ക്ക് പകരം നിശിതമായ യുക്തിബോധത്തോടെ മുന്‍തലമുറകളെ പരിശോധിക്കുകയും സത്യസന്ധതയും ആര്‍ജവവും ആവശ്യത്തിലധികം ഉണ്ടായിട്ടും അവരുടെ രാഷ്ട്രീയ വഴികള്‍ എങ്ങനെ മുനയൊടിഞ്ഞ് ശത്രുപാളയത്തില്‍ പോലും ചെന്നു പതിച്ചു എന്നും സൂക്ഷ്മമായി അന്വേഷിക്കേണ്ടതിന്റെ അനിവാര്യത മുന്നിലിരിക്കെയാണ് ഈ അവസ്ഥ.

മാധ്യമങ്ങള്‍ നിര്‍മിക്കുന്നരാഷ്ട്രീയ ബോധം എങ്ങനെയാണ് ബദല്‍ശ്രമങ്ങളെ പോലും നിര്‍ണയിക്കുന്നത് എന്നത് ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രതിരോധങ്ങളെ പോലും വ്യവസ്ഥിതി സ്പോണ്‍സര്‍ ചെയ്യുന്ന കാലത്ത്, വിപ്ലവം എന്നത് ആളുകളെ പിടിച്ചിരുത്താനാവുന്ന ഉശിരന്‍ വാര്‍ത്താ ഉല്‍പ്പന്നമാണ് എന്ന് നല്ല ബോധ്യമുള്ള മാധ്യമതന്ത്രങ്ങളുടെ കാലത്ത്, പ്രതിരോധത്തിന്റെ പുതു പാഠങ്ങളാണ് ഉരുത്തിരിയേണ്ടത്. അല്ലാതെ പഴയ തലമുറയുടെ അതേ വഴികളില്‍ തലയും പുകച്ചു നടക്കുകയല്ല. അവര്‍ ജീവിതത്തില്‍ ബാക്കി നിര്‍ത്തിയ പാഠങ്ങള്‍ പഠിച്ചു മുന്നോട്ടു നീങ്ങുന്നതാവും ഈ പശ്ചാത്തലത്തില്‍ നല്ലത്.

അക്വേറിയം മീനുകള്‍ സ്വയം ഭൂവല്ല. അതൊരു കാലത്തിന്റെ നിര്‍മിതിയാണ്. മുമ്പേ പോയ കാലവും തലമുറയുമെല്ലാം അതിനുത്തരവാദികളാണ്. അതാണ് വിചാരണ ചെയ്യപ്പെടേണ്ടത്. അതിനു പകരം ലളിത യുക്തികളുടെ ചെറുസുഷിരങ്ങളിലൂടെയാണ് അക്വേറിയം മീനുകള്‍ ചാടുന്നത് എങ്കില്‍ അതൊരു വലിയ തമാശയാവും. അക്വേറിയം എന്നത് ഇത്രയും കണ്ടതല്ല എന്നും ചാടുന്നവരെ പോലും ഉള്‍ക്കൊള്ളുന്ന വലിയ കടലായി അക്വേറിയങ്ങള്‍ രൂപം മാറിയിട്ടുണ്ടെന്നുമുള്ള തിരിച്ചറിവില്‍നിന്നു മാത്രമേ പുതിയ കാലം ഉന്നയിക്കുന്ന രാഷ്ട്രീയ സമസ്യകള്‍ക്ക് ഉത്തരങ്ങള്‍ തിരയാനാവൂ.

നേര്‍ക്കുനേര്‍:
എല്ലാ ചെറുപ്പക്കാരും ചേതന്‍ഭഗത്തുമാരാവുന്ന കാലത്ത് അതില്‍നിന്ന് മാറി നില്‍ക്കുക എന്നത് ചെറിയ കാര്യമല്ല. അതിനെ വിലകുറച്ചു കാണുകയല്ല. എന്നാല്‍, ജനകീയ സമരങ്ങള്‍ എന്ന സംജ്ഞയെ പോലും വിമര്‍ശനാത്കമായി സമീപിക്കേണ്ട, പുതിയ സമരരൂപങ്ങളെ കുറിച്ച് കാര്യമായി ആലോചിക്കേണ്ട ഒരു സമയത്ത്, പറയുന്ന വിഷയത്തിന്റെ ആഴം ഉള്‍ക്കൊള്ളാതെ അക്വേറിയം മീനുകളായി അകമേ ചുരുങ്ങുക എന്നത് ഖേദകരമാണ്. അതില്‍നിന്ന് ഈ പ്രസരിപ്പുള്ള മീനുകള്‍ പുറത്തു ചാടട്ടെ എന്ന ആഗ്രഹം മാത്രമാണ് ഈ കുറിപ്പിനെ സാധ്യമാക്കിയത്.

6 comments:

 1. അക്വേറിയം മീനുകള്‍ സ്വയം ഭൂവല്ല. അതൊരു കാലത്തിന്റെ നിര്‍മിതിയാണ്. മുമ്പേ പോയ കാലവും തലമുറയുമെല്ലാം അതിനുത്തരവാദികളാണ്. അതാണ് വിചാരണ ചെയ്യപ്പെടേണ്ടത്. അതിനു പകരം ലളിത യുക്തികളുടെ ചെറുസുഷിരങ്ങളിലൂടെയാണ് അക്വേറിയം മീനുകള്‍ ചാടുന്നത് എങ്കില്‍ അതൊരു വലിയ തമാശയാവും.

  ReplyDelete
 2. ലേഖനം വായിച്ചു
  ഇനി ഷോര്‍ട്ട് ഫിലിം കണ്ടിട്ട് ഒന്നുകൂടി വായിച്ചുനോക്കട്ടെ!

  ReplyDelete
 3. ഷോര്‍ട്ട് ഫിലിം കണ്ടില്ല... കാണട്ടെ

  ReplyDelete
 4. ചിന്തകൾ തിളച്ചു മറിയട്ടെ ......
  അതൊക്കെയും എവിടെയെങ്കിലും പോയി വേര് ഉറച്ചാലും ഇല്ലെങ്കിലും....

  ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...